സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണന്‍റെ തീരുമാനം വൈകി വന്ന വിവേകം ആണെന്ന് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങൾ ഏൽപ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകൻ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസിലായി എന്നും ചെന്നിത്തല പറഞ്ഞു. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുട്ടാപ്പോക്ക് ന്യായം പറയാതെ സര്‍ക്കാര്‍ പിരിച്ച് വിട്ട് ജനവിധി തേടാൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ വിജയരാഘവനാണ് നൽകിയിട്ടുള്ളത്. ഇങ്ങനെയുള്ള ആളുകളെയാണ് ചുമതല ഏൽപ്പിക്കേണ്ടത് എന്ന് ചെന്നിത്തല പരിഹസിച്ചു.