കുന്നമംഗലം : സര്‍ക്കാരും കരാറുകാരും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും സി.ഡബ്ല്യു.ആര്‍.ഡി.എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് വര്‍ക്ക് നടത്തുന്ന നാഥ് കണ്‍സ്ട്രക്ഷനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത്. ‘സി.ഡബ്ല്യു.ആര്‍. ഡി. എം – വരിട്ട്യാക്ക് – താമരശ്ശേരി റോഡ് പണിയുടെ സ്തംഭനാവസ്ഥ : പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെടുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി വരിട്ട്യാക്കില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിലധികമായി ഈ റോഡിലൂടെയുള്ള ജനങ്ങളുടെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരം കണ്ടില്ലെങ്കില്‍ സി.ഡബ്ല്യു. ആര്‍.ഡി.എം. മുതല്‍ താമരശ്ശേരി വരെയുള്ള ജനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ശക്തമായ ജനകീയ സമരത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും, ജനകീയ സമരങ്ങളെ അവഗണിക്കുന്ന ഇടതു സര്‍ക്കാര്‍ ആ നടപടി തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞും, ഗതാഗത യോഗ്യമല്ലാതിരിക്കുകയും ചെയ്യുമ്പോയും സംസ്ഥാനത്തിന്റെ വികസനത്തിന് അത്യാവശ്യമായിരിക്കുന്നത് കേരളത്തില്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബ്കള്‍ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് സരോജിനി ചൂലൂര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി വിനോദ് പടനിലം, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങോളം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി, വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍, പി. വേണു തുടങ്ങിയവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു