ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ മാസം 24 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉള്‍പ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. പ്രതികളെ കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ ആളൂര്‍ കോടതിയില്‍ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.അതേസമയം പ്രതി മുഹമ്മദ് ഷാഫി, ഭഗവൽ സിംഗിനെ കെണിയിൽ കുരുക്കാൻ ഉപയോഗിച്ച ‘ശ്രീദേവി’ എന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് പൊലീസ്. ഇരുവരും തമ്മിൽ മൂന്ന് വർഷം നടത്തിയ ചാറ്റുകളാണ് വീണ്ടെടുത്തത്. 100 ലേറെ പേജുകളുളള സംഭാഷണമാണ് ഇരുവരും തമ്മിൽ നടത്തിയത്. പ്രത്യേക അന്വേഷണ സംഘം ഇവ പരിശോധിക്കുകയാണ്. ഷാഫി, ശ്രീദേവിയെന്ന പേരിൽ മറ്റുള്ളവരോട് നടത്തിയ ചാറ്റുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ശ്രീദേവിയെന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലിനോടുള്ള പ്രണയമായിരുന്നു ഭഗവൽസിംഗിനെ ക്രൂരമായ നരബലിയിലേക്ക് എത്തിക്കുന്നത്. 2019 ലാണ് ശ്രീദേവിയെന്ന അക്കൌണ്ടിൽ നിന്നും ഭഗവൽ സിംഗിന് റിക്വസ്റ്റ് വരുന്നത്. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫി എന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. ഇയാൾ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫെയ്സ്ബുക്കിൽ കൂടി കൂടുതൽ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.അതേസമയം മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി ലൈല. കോടതിയിലേക്ക് കൊണ്ടുപോകുമ്പാള്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലൈലയുടെ മറുപടി. മനുഷ്യമാംസം കഴിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഒറ്റവാക്കിലായിരുന്നു പ്രതികരണം.