ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍കറിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് തിരിച്ചടി. കേസില്‍ ഡല്‍ഹി ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി.
സുശീലിനോട് ഒരാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് സാഗര്‍ ധന്‍കറിന്റെ പിതാവ് പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് താരത്തിന് ഡല്‍ഹി ഹൈകോടതി കേസില്‍ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ സാഗറിന്റെ പിതാവ് അശോക് ധന്‍കറാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2021മേയ് നാലിന് സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിനെയും സുഹൃത്തുക്കളേയും ഛത്രസാല്‍ സ്റ്റേഡിയം പാര്‍ക്കിങ് ലോട്ടില്‍വെച്ച് മര്‍ദിച്ചെന്നാണ് കേസ്. ധങ്കര്‍ പിന്നീട് മരിച്ചു. മേയ് 23ന് സുശീല്‍ അറസ്റ്റിലായി. സുശീല്‍ കുമാറിനും മറ്റു 17 പേര്‍ക്കുമെതിരെയാണ് ഡല്‍ഹി കോടതി കുറ്റം ചുമത്തിയത്. കൊലപാതകം, കലാപം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. 2021 ജൂണ്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.

