കേരളത്തില്‍ വികസനം തടയാനുള്ള ശ്രമങ്ങളാണ് ഇഡി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയിലൂടെ കിട്ടിയ പണം കൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നത്. അത് തടയണമെങ്കില്‍ കിഫ്ബിയെ തകര്‍ക്കണം. അതിനുവേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും ഇഡിയുടെ ഉദ്ദേശ്യം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പകയാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
ഏതെല്ലാം രീതിയില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. എല്ലാ വിഭാഗം ജനങ്ങളും എല്‍ഡിഎഫിനെ സ്വീകരിച്ചു. എല്‍ഡിഎഫിന് ലഭിച്ച രണ്ടാമൂഴം ജനങ്ങള്‍ നെഞ്ചേറ്റിയതിന്റെ തെളിവാണ്. തുടര്‍ഭരണത്തിന് ശേഷം യുഡിഎഫ് വല്ലാത്ത പകയും വിദ്വേഷവും പടര്‍ത്തുന്നു. നേരത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചിരുന്ന ചില വിഭാഗങ്ങള്‍ പിന്നീട് സിപിഎമ്മിനൊപ്പം ചേര്‍ന്നു. ഇത് യുഡിഎഫിനെ ഞെട്ടിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. നേരത്തെ കോണ്‍ഗ്രസ് സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഈ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സിപിഎം ഇല്ലാതായാല്‍ ഇത് സാധിക്കുമോ. രാജ്യത്ത് സംഘപരിവാറിന്റെ ആക്രമണങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. സംഘപരിവാറിന്റെ വര്‍ഗീയനിലപാടുകളെ എതിര്‍ക്കേണ്ടതുണ്ട്. സംഘപരിവാറിന്റെ മുദ്രാവാക്യങ്ങള്‍ അതേപ്പടി ഉയര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ട്. തന്റെ മാന്യതകൊണ്ടുമാത്രമാണ് ഇവരുടെ പേര് പറയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

