ഇരുമ്പനം കടത്തുകടവു റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് ആദരവ് നല്‍കിയ സിവില്‍ പോലീസ് ഓഫീസറുടെ ദൃശ്യങ്ങള്‍ വൈറല്‍. തൃപ്പൂണിത്തുറ ഹില്‍സ് പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ. അമല്‍ എന്ന പോലീസുകാരനാണ് തന്റെ പ്രവൃത്തിയിലൂടെ നാടിന് മാതൃകയായത്.
ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുമ്പനം കടത്തുകടവു റോഡില്‍ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയോടൊപ്പമാണ് ദേശീയ പതാകയും കണ്ടെത്തിയത്.
അമല്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയ ഉടന്‍ മാലിന്യക്കൂമ്പാരത്തില്‍ കിടന്ന ദേശീയപതാകയെ സല്യൂട്ട് ചെയ്തു. പിന്നാലെ ഓരോ പതാകയും ഭദ്രമായി മടക്കിയെടുത്ത് ആദരവോടെ പോലീസ് ജീപ്പിലേക്ക് മാറ്റി. ദേശീയ പതാക അലക്ഷ്യമായി വലിച്ചെറിഞ്ഞതാരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുകാര്‍.
സംഭവത്തിന് പിന്നാലെ മുന്‍സൈനികോദ്യോഗസ്ഥനും സിനിമാ സംവിധായകനുമായ മേജര്‍ രവി അമലിനെ അഭിനന്ദിക്കാന്‍ സ്റ്റേഷനിലെത്തി. അമലിനെ പോലുള്ളവരുടെ കൈയ്യില്‍ രാജ്യം സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. അമലിനെപ്പോലെയുള്ള മനുഷ്യര്‍ ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്നും യുവാക്കളെല്ലാം അമലിന്റെ രാജ്യസ്‌നേഹം കണ്ടുപഠിക്കണമെന്നും മേജര്‍ രവി പറഞ്ഞു.