കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരോടുള്ള സർക്കാർ അവഗണന മുൻ നിർത്തി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പട്ടിണി സമരം സംഘടിപ്പിച്ചു.
ഉടമകളും തൊഴിലാളികളുമുൾപ്പെടെ കുന്ദമംഗലത്തെ ചാത്തമംഗലം ഗ്രൗണ്ടിൽ പ്രതീകാത്മകമായി അടുപ്പു കൂട്ടി സംസ്ഥാന സി ക്രറട്ടറി നിഷാബ് മുല്ലോളി സമരം ഉൽഘാടനം ചെയ്തു. സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിൽ ജില്ലാ സെക്രട്ടറി അജിത് കുമാർ, വൈസ് പ്രസിഡന്റ് സുധർമ്മൻ , ട്രഷർ സുധാകരൻ എന്നിവർ സംസാരിച്ചു.
എന്തുകൊണ്ടാണ് തൊഴിലാളികളുടെ ഗതികേടിനു നേരെ സർക്കാർ കണ്ണടയ്ക്കുന്നതെന്നും കഴിഞ്ഞ മൂന്നുമാസമായി സാധാ ജനവിഭാഗത്തിൽപെട്ട ഇത്തരം തൊഴിലാളികൾ ദുരിതത്തിലാണെന്നും സമരത്തിൽ ചൂണ്ടികാട്ടി. ബാർ മുതൽ ബാർബർഷോപ്പ് വരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവുകൾ നൽകിയിട്ടും എന്ത് കൊണ്ട് ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരെ കാണാതെ പോകുന്നുവെന്നതാണ് ഇവരുടെ ന്യായമായ ചോദ്യം. വാഹന പരിശീലനത്തിനായി സാമൂഹിക അകലം പാലിച്ചും, സുരക്ഷ ഉറപ്പു വരുത്തിയും പ്രവർത്തനം നടത്താൻ കഴിയുമായിരുന്നിട്ടും എന്ത് കൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ലയെന്നത് പരിശോധിക്കേണ്ടതാണ്.
ക്ഷേമ നിധികളുടെയോ മറ്റു സർക്കാർ സഹായങ്ങളുടെയോ യാതൊരു അനൂകൂല്യവും ഇവർക്ക് ഇന്നേ വരെ ലഭിച്ചിട്ടില്ല. വാഹനങ്ങൾ ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന സാഹചര്യത്തിൽ തുടർന്നുള്ള ദിവസങ്ങളിൽ അതിന്റെ അറ്റകുറ്റ പണികൾക്ക് തന്നെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വരും. കേരളത്തിൽ ഉടനീളം 5000 ത്തോളം സർക്കാർ അംഗീകൃത സഥാപനങ്ങളിലായി അൻപതിനായിരം ആളുകൾ ഈ മേഖലകളിൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരെ കാണാതെ പോകരുതെന്നും ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമരത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.