അരുണാചല്‍പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അസമിലെ ജോര്‍ഹട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മേച്ചുകിലേക്ക് പുറപ്പെട്ട വ്യോമ സേനയുടെ എ എന്‍ 32 വിമാനമാണ് ജൂണ്‍ 3ന് തകര്‍ന്നു വീണത്. മലയാളികളടക്കം 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ പാലക്കാട് സ്വദേശി വിനോദ്, സാര്‍ജന്റ് കൊല്ലം സ്വദേശിയായ അനൂപ് കുമാര്, മറ്റൊരുദ്യോഗസ്ഥനായ എന്‍ കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍.