നേമം ഉള്‍പ്പെടെ തര്‍ക്കമുളള പത്തു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുളള കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്നും തുടരും.കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തും. 91 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
91 ൽ 81 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. മറ്റ് 10 മണ്ഡലങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനമാവും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പട്ടികനാളെ ഔദ്യോഗികമായി പുറത്തിറക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡൽഹിയിൽ നിന്നാവും സ്ഥാനാർത്ഥി പ്രഖ്യാപനം. 81 സീറ്റുകളിലും ഒറ്റക്കെട്ടായാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചതെന്നു് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻചാണ്ടിയും പറഞ്ഞു.തര്‍ക്കമുളള സീറ്റുകളില്‍ ഇന്ന് തീരുമാനമാക്കി സ്ഥാനാര്‍ഥികളെ നാളെത്തന്നെ പ്രഖ്യാപിക്കാനാണ് കെ.പി.സി.സിയുടെ ആലോചന.
സ്ഥാനാർത്ഥി പട്ടിക പല ഭാഗങ്ങളായി പുറത്തുവിടുന്നത് ശരിയല്ലെന്ന് കരുതിയാണ് ഞായറാഴ്ച ഒരുമിച്ച് പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നും കൂടുതൽ സമയം വേണം എന്നതിനാലാണ് ചില സീറ്റുകളിൽ തീരുമാനമാകാൻ വൈകുന്നതെന്നും ചെന്നിത്തല പറഞ്ഞു.ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും തന്നെ മത്സരിക്കാനാണ് സാധ്യത. കൽപ്പറ്റയിൽ ടി.സിദ്ദിഖും പൊന്നാനിയിൽ എഎം.രോഹിത്തും സ്ഥാനാർഥികളാകുമെന്നും നടൻ ധർമജൻ ബോൾഗാട്ടി ബാലുശേരിയിൽനിന്ന് ജനവിധി തേടുമെന്നുമാണ് സാധ്യതാ പട്ടികയിൽ നിന്ന് വ്യക്തമായത്. കോഴിക്കോട് നോർത്തിൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തും ചാലക്കുടിയിൽ മാത്യു കുഴൽനാടനും മത്സരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തൃശൂരിൽ പത്മജ വേണുഗോപാൽ സ്ഥാനാർഥിയാകാനാണ് സാധ്യത കൽപിക്കപ്പെടുന്നത്. 2016 ലും പത്മജയാണ് തൃശൂരിൽ മത്സരിച്ചത്. വിഎസ് സുനിൽകുമാറിനോട് പത്മജ തോൽക്കുകയായിരുന്നു.