കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്രാവശ്യത്തെ ഐപിഎല്‍ മാറ്റിവച്ചതായി ബിസിസിഐ. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇക്കാര്യം അറിയിച്ചത്.
ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യ വിസ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കളിക്കാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും വരവിനേയും ബാധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതെസമയം ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ 10000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, പ്രക്ഷേപണാവകാശം, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം, യാത്ര-താമസ സൗകര്യങ്ങള്‍, മറ്റ് ചിലവുകള്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്രയും ഭീമാകാരമായ തുക നഷ്ടം വരുക.

