തൃശൂർ: വീട്ടിൽ അതിക്രമിച്ചു കയറി മൂന്നു വയസുകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ ശിക്ഷിച്ച് കോടതി. എരുമപ്പെട്ടി മടപറമ്പ് ദേശം ചുള്ളിപ്പറമ്പിൽ വീട്ടിൽ സബീഷ്(42) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 13വർഷം കഠിന തടവും 40000 രൂപ പിഴയുമാണ് ശിക്ഷ. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വാടക വീട്ടിൽ അതിക്രമിച്ചു കയറി മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയെ ഇയാൾ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
പ്രതി കുട്ടിയുടെ ഉപദ്രവിച്ച സംഭവത്തെ കുറിച്ച് അയൽവാസിയായ സ്ത്രീയാണ് ആദ്യം പറയുന്നത്. ഇതുവഴിയാണ് പെൺകുട്ടിയുടെ വീട്ടുകാർ സംഭവം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 16രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.