തിരുവനന്തപുരം: ശശി തരൂരിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ഊരി വേച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം. പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നാല് വർഷം കഴിഞ്ഞ് താൻ ഇന്നതാകുമെന്ന് ഇപ്പോൾ ആരും പറയേണ്ട ആവശ്യമില്ല. നാല് വർഷം കഴിഞ്ഞ് കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ച് വെച്ചിട്ടുണ്ടെങ്കിൽ ആ കോട്ടുകളൊക്കെ ഊരി വെച്ച്, പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന അഭ്യർത്ഥനയാണുള്ളത്’, ചെന്നിത്തല പറഞ്ഞു.
തരൂർ അടക്കമുള്ള എംപിമാരുടെ പ്രസ്താവനയ്‌ക്കെതിരെ കെ മുരളീധരനും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കളും രംഗത്തെത്തി. പാർട്ടിയിലെ സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വരാൻ പോകുന്ന ലോക്ഭാ തെരഞ്ഞെടുപ്പിനെപ്പറ്റിയാണ് ആലോചിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിനെപ്പറ്റി ചന്തിക്കേണ്ടി വരില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിൽ പറയണമെന്ന് കെ സി വേണുഗോപാലും പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് തവണ കെപിസിസി യോഗം വിളിച്ചു. കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാകാൻ ഇടവരുത്തരുതെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രസ്താവന വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രിയാകാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറയുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നും തരൂർ പറഞ്ഞു. 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു തരൂരിന്റെ പ്രതികരണം.