കാസർഗോഡ്: മഞ്ചേശ്വരത്ത് സ്കൂൾ ബസിൽ ബൈക്കിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മിയപദവി സ്വദേശികളായ അബി(20), പ്രതീഷ്(20) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴരയോടെ മിയാപദവിയിൽവെച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരിച്ചു. പരുക്കേറ്റ നമിത്തെന്ന വിദ്യാർത്ഥിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരുവിലെ ശ്രീദേവി, പ്രേരണ എന്നീ കോളേജിലെ വിദ്യാർത്ഥികളാണ് മൂവരും. കുട്ടികളെ എടുക്കുന്നതിനായി പുറപ്പെട്ട സ്കൂൾ ബസിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ നിലവിൽ മംഗൽപ്പാടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

