ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വാഹനങ്ങളിൽ വെച്ച് ലൈംഗിക പീഡനം നടത്തിയ പഞ്ചായത്തംഗത്തെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ 44 വയസ്സുകാരനായ കരിക്കാട്ടിരിമീത്തൽ ഉണ്ണികൃഷ്ണൻ, അടുവാട് എന്നയാളാണ് അറസ്റ്റിലായത്. കേസ്സ് എടുത്ത ഉടനെ പ്രതി, മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പോക്സോ കോടതി കഴിഞ്ഞ ദിവസം അത് തള്ളിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനെതുടർന്ന് പ്രതി ഇന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
പ്രളയം ഉണ്ടായാൽ ജനങ്ങളെ എങ്ങനെയൊക്കെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കാൻ കഴിയും എന്നതിനെപ്പറ്റി താലൂക്ക് ദുരന്തനിവാരണ ടീം നടത്തിയ മോക്ക്ഡ്രില്ലിനിടെയാണ് അതിൽ പങ്കെടുത്ത ആംബുലൻസിലെ ഡ്രൈവർ കൂടിയായ പ്രതി ആൺകുട്ടിയെ പീഢിപ്പിച്ചത്. പ്രതി ഓടിച്ച ആംബുലൻസിൽ കയറ്റിയ ബാലനെ ക്യാമ്പായി തീരുമാനിച്ചിരുന്ന ചെറൂപ്പ മണക്കാട് സ്കൂളിൽ നിന്നും തിരികെ കുട്ടിയ്ക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ മറ്റൊരു സ്ഥലത്ത് ഇറക്കി അവിടെ നിന്നും പ്രതിയുടെ കാറിൽ കയറ്റി വീട്ടിനടുത്ത് ഇറക്കുകയായിരുന്നു. പീഡനം നടന്ന ആംബുലൻസും കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്..
കേസ്സന്വഷണത്തിന്റെ ഭാഗമായി പഞ്ചായത്ത്, റവന്യൂ, ദുരന്തനിവാരണ സന്നദ്ധപ്രവർത്തകരുൾപ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. മെഡിക്കൽ കോളേജ് എ.സി.പി, കെ. സുദർശന്റെ മേൽനോട്ടത്തിലാണ് കേസ്സന്വഷണം നടക്കുന്നത്.