ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ല. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നായിരുന്നു എംഎം ഹസ്സന്‍ നേരത്തെ പ്രസ്താവിച്ചിരുന്നത്.
ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലൈഫ് മിഷന്‍ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് കോണ്‍ഗ്രസാണ്. അധികാരത്തില്‍ വന്നാല്‍ ആ പദ്ധതി ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകും. വീടില്ലാത്ത ഒരാളും സംസ്ഥാനത്തില്ല എന്ന സ്ഥിതിയിലേക്കു എത്തിക്കുകയും ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന ഹസ്സന്റെ പ്രസ്താവന. വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പ്രസ്താവന തെരഞ്ഞെടുപ്പിലും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. ഇതോടെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കെപിസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് ഇന്നലെ മുല്ലപ്പള്ളി പറഞ്ഞിരുന്നു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി. അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരുപാട് കഥകളുടെ ഉള്ളറകള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.