ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഹോട്ടലിലെ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയത് കൊക്കെയ്നെന്ന് സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ഹോട്ടലില്‍ അന്നു നടന്നത് ലഹരി പാര്‍ട്ടി തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കഴിഞ്ഞ ഒക്ടോബറിലായിരുന്നു കൊച്ചിയിലെ മരട് കുണ്ടന്നൂരിലുള്ള ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയത്.
സംഭവത്തില്‍ ഓംപ്രകാശും അദ്ദേഹത്തിന്റെ സുഹൃത്തായ ഷിഹാസും അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഹോട്ടലിലെ ശുചിമുറിയില്‍ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ പൌഡര്‍ എന്ന് സംശയിക്കുന്ന പൊടി കണ്ടെടുത്തിരുന്നത്. ഇതാണ് ഇപ്പോള്‍ കൊക്കെയ്ന്‍ തന്നെയാണെന്ന് ഫൊറന്‍സിക് പരിശോധനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. പരിശോധനയില്‍ നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും ഹോട്ടലില്‍ വന്നിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.