കോഴിക്കോട്: കരുത്തുറ്റ പെണ്‍കുട്ടികള്‍ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കടന്നുവരേണ്ടുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ ലോക ബാലികാദിനം ആചരിച്ചു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് അധ്യക്ഷയായിരുന്നു.
സാമൂഹ്യബോധ്യത്തോടെ കുട്ടികള്‍ വളര്‍ന്നുവരേണ്ടതിന്റെ ആവശ്യകത അധ്യക്ഷ ഓര്‍മിപ്പിച്ചു. ബാലാവകാശ കമ്മീഷൻ അംഗം ശ്രീല മേനോന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലികാ ദിനത്തിന്റെ പ്രസക്തിയും ഇന്നത്തെ പെണ്‍കുട്ടികള്‍ അഭിമുഖീരകിക്കുന്ന പ്രശ്‌നങ്ങളും അത് മറികടക്കേണ്ട വിധവും ഉദ്ഘാടന പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫറും ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അക്കിയാ കോമാച്ചി മുഖ്യാതിഥിയായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ മുതല്‍ അക്കിയയുടെ ഫോട്ടോഗ്രാഫി പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മാതൃഭൂമി സബ് എഡിറ്റര്‍ അഞ്ജന ശശി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയകൃഷ്ണന്‍, മദര്‍ പിടിഎ പ്രസിജന്റ് ഷിമ്‌ന അനൂപ്, ബച്പന്‍ ബചാവോ ആന്തോളന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പ്രസ്രീന്‍.കെ തുടങ്ങിയവര്‍ സംസാരിച്ചു.