മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിലെ പുതുമുഖം. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കുക.
ഓപ്പണര്‍ കെ എല്‍ രാഹുലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ദേയം. മോശം ഫോമിനെത്തുടര്‍ന്ന് പുതിയ ഓപ്പണറെ പരീക്ഷിക്കണമെന്ന വാദം ശക്തമായിരുന്നു. ഏകദിന വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇനി ടെസ്റ്റിലും ഓപ്പണറാവും. മയാങ്ക് അഗര്‍വാളാണ് മറ്റൊരു ഓപ്പണര്‍. മോശം ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.
മൂന്ന് വീതം പേസര്‍മാരും സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി.
ടീം ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ.

