റാങ്പോ: സിക്കിമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി സിക്കിം ക്രാന്തികാരി മോർച്ച നേതാവുമായ പ്രേം സിങ് തമാങ്. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആർട്ടിക്കിൾ 371 (എഫ്) പ്രകാരം തങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കില്ലെന്ന് റാങ്പോയിൽ നടന്ന രാഷ്ട്രീയ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങൾ ഈ വിഷയത്തിൽ ആശങ്കപ്പെടേണ്ടതില്ല. യുസിസി ചെയർമാൻ കിരൺ റിജിജുവുമായും കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ യുസിസി നടപ്പാക്കരുതെന്ന് ഈ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്,’ പ്രേം സിങ് തമാങ് പറഞ്ഞു.
യുസിസി നടപ്പാക്കുന്നതിനെതിരെ സിക്കിം അസംബ്ലി പ്രമേയം പാസാക്കുമോ എന്ന് വ്യക്തമല്ലെങ്കിലും ചില സംസ്ഥാനങ്ങൾ അങ്ങനെ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുസിസിയ്‌ക്കെതിരെ സഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് “ഏകപക്ഷീയവും തിടുക്കത്തിലുള്ളതുമായ” നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ വർഷം ഫെബ്രുവരിയിൽ മിസോറാം നിയമസഭയും സമാനമായ പ്രമേയം പാസാക്കിയിരുന്നു. വൈവിധ്യത്തെ ആഘോഷിക്കുന്ന ‘ഇന്ത്യ എന്ന ആശയത്തിന്’ എതിരാണ് യുസിസി എന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും പ്രസ്താവിച്ചിരുന്നു.