ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയത് ഡീസല്‍ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്നത് വരെ സമയം അനുവദിക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം.
ധനവകുപ്പിനെതിരെ കെഎസ്ആര്‍ടിസി വിമര്‍ശനമുന്നയിച്ചു. ശമ്പളം നല്‍കാന്‍ സഹായം ചോദിച്ചിട്ടും ധനവകുപ്പിന്റെ അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമര്‍ശനം. 20 കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും ധന വകുപ്പ് പണം നല്‍കിയില്ല. എന്ത് കൊണ്ട് പണം അനുവദിക്കുന്നില്ലെന്നു കെഎസ്ആര്‍ടിസിയ്ക്ക് അറിയില്ല. സര്‍ക്കാര്‍ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നല്‍കി. ഇതോടെ ശമ്പളം നല്‍കാന്‍ കഴിയാത്ത പ്രതിസന്ധി ഉണ്ടെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് പറഞ്ഞത്. കെഎസ്ആര്‍ടിസിയുടെ വരുമാനം മാത്രം ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകില്ല. ശമ്പള വിതരണത്തിന് വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കാറുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.