മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വിവാദത്തിൽ.ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്.ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറയുന്നുണ്ട്. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറിപ്പിലെ ഭാഗം
‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാൻ്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം’ ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശം ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്.
അതേസമയം ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെന്ന് വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചു.