മുക്കം: മുക്കത്ത് വിവാഹ സര്‍ട്ടിഫിക്കറ്റിനായി എത്തിയ ആളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്കുന്നതില് കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന് നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെയാണ് സസ്പന്‍ഡ് ചെയ്തത്. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
മുക്കം സബ്രജിസ്ട്രാര്‍ ഓഫീസില്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി ഓഫീസില്‍ എത്തിയ മധുസൂദനന് എന്നയാള്‍ക്ക് മനപ്പൂര്‍വം സേവനം വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും രജിസ്ട്രേഷന് വകുപ്പിനെതിരെയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് വന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോഴിക്കോട് രജിസ്ട്രേഷന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന് ഡിഐജി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ദിവസം കൊണ്ട് നല്‍കേണ്ട സേവനം ബോധപൂര്‍വ്വം 3 ദിവസത്തെ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുക്കം സബ്രജിസ്ട്രാര്‍ ഓഫീസിലെ ചില ജീവനക്കാര്‍ പെരുമാറിയതായും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമര്‍ശം സബ് രജിസ്ട്രാര്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നാണ് സസ്പെന്ഷന്.