സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്ര സര്‍ക്കാറിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്. കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരുടെ അടുത്ത മാസത്തെ ശമ്പളം മുടങ്ങുന്ന തരത്തിലുള്ള പ്രതിസന്ധിയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.
ശമ്പളം 10 ശതമാനം മാറ്റിവെക്കണം എന്ന നിര്‍ദ്ദേശം ധനവകുപ്പിന് മുന്നിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. മറ്റ് മാര്‍ഗങ്ങളിലൂടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാന്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 25 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം തുടങ്ങിയതിന് ശേഷം ഒന്നിലധികം തവണയായി കേന്ദ്ര സര്‍ക്കാരിനോട് കടമെടുപ്പിനുള്ള അപേക്ഷ നല്‍കി. റിസര്‍വ് ബാങ്ക് ഇതുപ്രകാരം 4000 കോടി പല ഘട്ടമായി ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നല്‍കിയിട്ടില്ല.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നര ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പയായി ചോദിക്കാനാകുക. മാനദണ്ഡങ്ങള്‍ അനുസരിച്ചിട്ടുള്ള തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 4000 കോടി രൂപ. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കാന്‍ വിമുഖത കാട്ടുന്നതെന്നതില്‍ വ്യക്തത വന്നിട്ടില്ല.
കിഫ്ബി വായ്പ, സാമൂഹ്യ സുരക്ഷാ ബാദ്ധ്യതകള്‍ തുടങ്ങിയവയെല്ലാം ബഡ്ജറ്റിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശങ്ങള്‍ സി.ഐ.ജി റിപ്പോര്‍ട്ടിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണോ വായ്പ അനുവദിക്കാതിരിക്കാനുള്ള നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നു.

