കണ്ണൂർ: ചോദ്യം ചെയ്യലിന് പല തവണ രേഖാമൂലം നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും വരാത്തതിനെ തുടർന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ തേടി തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിലെത്തി. സംഭവത്തിൽ തനിക്ക് പറയാനുള്ളത് നേരത്തെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പറഞ്ഞതാണെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്. എന്നാൽ നേരിട്ടു മൊഴിയെടുക്കണമെന്ന നിലപാടിലാണ് തളിപ്പറമ്പ് പോലീസ്.
തുടക്കത്തിലെ അപകീർത്തിക്കേസായി ഒതുങ്ങിപോകുമായിരുന്ന പരാതി കോടതിയിൽ നിലനിൽക്കുമോയെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു ശേഷമാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായ കെ സന്തോഷ് കുമാറിന്റെ പരാതിയിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള കലാപ ആഹ്വാനം, വ്യക്തിഹത്യ തുടങ്ങിയ അതീവ ഗുരുതര വകുപ്പുകൾ കൂടി ചേർത്തത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നു രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായി തളിപ്പറമ്പ് എസ്എച്ച്ഒ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബെംഗളൂരുവിൽ എത്തിയത്. സ്വപ്‌നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം. സ്വപ്‌നയുടെ അറസ്റ്റു രേഖപ്പെടുത്താനുള്ള നീക്കവും നടത്തുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
എം വി ഗോവിന്ദനു വേണ്ടി വിജേഷ് പിള്ള സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്ന സ്വപ്നയുടെ ആരോപണമാണ് പോലീസ് അന്വേഷിക്കുക. സ്വപ്‌നയ്‌ക്കെതിരെ സിപിഎം തളിപറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പരാതി നൽകിയത്. മനപ്പൂർവം ലഹളയുണ്ടാക്കാൽ, സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പരാമർശം തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്‌നയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിലെ മറ്റൊരു കണ്ണിയായ വിജേഷ് പിള്ളയും കേസിലെ പ്രതിയാണ്. വിജേഷിനെ കഴിഞ്ഞ ദിവസം കണ്ണൂരിൽ ചോദ്യം ചെയ്തിരുന്നു.