ന്യൂഡൽഹി∙ ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് മരുമകൾ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്ന്.
മോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. മോണിക്ക വർമയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭർത്താവിനും മാതാപിതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ, മോണിക്കയ്ക്ക് രാധേ ശ്യാം വർമയും ഭാര്യ വീണയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
എന്നാൽ ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വിൽക്കാൻ തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാൻ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നൽകി. വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. എന്നാൽ ഫെബ്രുവരി 12ന് മോണിക്കയുടെ ഭർതൃ മാതാപിതാക്കൾ ഗോകൽപുരിയിലെ സ്വത്തുക്കൾ വിറ്റ് ദ്വാരകയിൽ ഒരു വീടു വാങ്ങാൻ പദ്ധതി ഇട്ടു. ഇതാണ് ആശിഷിനെ ഉപയോഗിച്ച് ഇവരെ വേഗം കൊലപ്പെടുത്താൻ കാരണമായതെന്നും പൊലീസ് വ്യക്തമാക്കി.