ഉത്തരാഖണ്ഡിലെ ജോഷിമഠിലെ അസാധാരണ ഭൗമ പ്രതിഭാസത്തിൽ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ യോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. വിള്ളൽ വീണ വീടുകളിൽ നിന്ന് മാറ്റിത്താമസപ്പിച്ചവരെ നേരിൽ കണ്ട ശേഷമാണ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു ചേർത്തത്.പൊളിക്കേണ്ട കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടും ദുരിതാശ്വാസ തുകയുമായി ബന്ധപ്പെട്ടും പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഇടക്കാല സഹായം എന്ന നിലയില്‍ ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ദുരിതാശ്വാസ തുക നല്‍കുമെന്നും അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ധാമി പറഞ്ഞു.ഇടക്കാല സഹായമായ 1.5 ലക്ഷം രൂപയുടെ സുതാര്യമായ വിതരണത്തിനും ദുരിതാശ്വാസ തുക നിശ്ചയിക്കുന്നതിനുമായി ഒരു 11 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ചമോലി ജില്ലാ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു ഖുരാനയുടെ നേതൃത്വത്തിലാണ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. അതേസമയം ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ 45 കോടി രൂപ അനുവദിച്ചു.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ നിന്ന് ഇതുവരെ 145 കുടുംബങ്ങളെ മാത്രമാണ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും അപകടാവസ്ഥയിലുള്ള 81 കെട്ടിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ഇതിനിടെ ജോഷിമഠിലെ മനോഹർബാഗ് അടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങൾ കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് പരിശോധിച്ചു.