വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
അടഞ്ഞ അധ്യായമാണ് വെല്‍ഫെയര്‍ വിഷയം എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുല്ലപ്പള്ളി തട്ടിക്കയറുകയും ചെയ്തു.
‘പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മി, ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിക്കു വേണ്ടിയിട്ടാണോ?’ – മുല്ലപ്പള്ളി പൊട്ടിത്തെറിച്ചുകൊണ്ട് പറഞ്ഞു.
ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ കൈകള്‍ അശുദ്ധമെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. എന്‍.സി.പി വരികയാണെങ്കില്‍ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ കൂട്ടായ തീരുമാനമാണ് എടുക്കേണ്ടത് എന്നായിരുന്നു മറുപടി. പി.സി ജോര്‍ജ് തന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും മുല്ലപ്പള്ളി ആവര്‍ത്തിച്ചു.

