തിരുവനന്തപുരം: പാര്‍ട്ടി ഏരിയാ സമ്മേളനത്തിനായി റോഡ് കയ്യേറി സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് സിപിഎം. ഇക്കാര്യത്തില്‍ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിക്ക് പിശക് പറ്റിപ്പോയി. അനാവശ്യമായി ഒരു വാര്‍ത്ത സൃഷ്ടിക്കാനുള്ള സാഹചര്യമുണ്ടായി. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ശ്രദ്ധ ഇനി പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേജ് കെട്ടിയത് മെയിന്‍ റോഡില്‍ അല്ല. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബൈ റോഡിലാണ്. സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചു വിട്ടിരുന്നു. എന്തായാലും റോഡില്‍ സ്റ്റേജ് കെട്ടിയിരുന്നത് വേണ്ടിയിരുന്നില്ലെന്ന നിലപാടാണ് പാര്‍ട്ടിക്ക് ഇപ്പോഴുള്ളത്. നിലവില്‍ പൊലീസിനോടാണ് കോടതി വിവരം ചോദിച്ചിരിക്കുന്നത്. പൊലീസ് നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്.
കേസില്‍ കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചുള്ള കാര്യങ്ങളില്‍ അപ്പോള്‍ കോടതിയില്‍ പറയേണ്ടതായിട്ടുള്ള കാര്യമാണെന്നും വി ജോയി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ റോഡില്‍ പൊതുസമ്മേളനങ്ങളും സമരപരിപാടികളും നടത്താറുണ്ട്. സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടുത്ത കാലത്ത് സെക്രട്ടേറിയറ്റ് നടയില്‍ വലിയ സമരം നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന്റെ രണ്ട് ഗേറ്റുകളും അടച്ച് സ്റ്റേജും കെട്ടിയിരുന്നു. അതിലും പൊലീസ് കേസെടുത്തിരുന്നുവെന്ന് വി ജോയി പറഞ്ഞു.