ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്.അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് പരാമർശം.സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അഷ്‌റഫ്, നെജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശം വിവാദമായത്.
പൊലീസിന്റെ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം കേരളത്തിന് അപമാനമെന്ന് അൻവർ സാദത്ത് എം എൽ എ വ്യക്തമാക്കി.
റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.