ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലേക്ക് ഇന്‍ഡ്യ സഖ്യത്തിലെ എം.പിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച് ഡല്‍ഹി പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ വന്‍ പൊലീസ് സന്നാഹം തടഞ്ഞു. ഇതേതുടര്‍ന്ന് എം.പിമാര്‍ നടുറോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പൊലീസ് തടഞ്ഞതിന് പിന്നാലെ അഖിലേഷ് യാദവ് അടക്കം ചില എം.പിമാര്‍ ബാരിക്കേഡ് മറികടന്ന് മറുവശത്തെത്തി. പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ പൊലീസ് കൈയ്യേറ്റം ചെയ്‌തെന്ന് വനിതാ എം.പിമാര്‍ ആരോപിച്ചു.

