മൊറാദാബാദ്: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാല്‍ സ്വദേശിയായ അനുജ് ചൗധരി (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. അനുജ് ചൗധരി തന്റെ അപ്പാർട്ട്മെന്റിന് പുറത്തുള്ള വഴിയിലൂടെ നടക്കുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ പലതവണ വെടിയുതിർക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പരിക്കേറ്റ അനുജ് ചൗധരിയെ മൊറാദാബാദിലെ ബ്രൈറ്റ്സ്റ്റാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ചൗധരിയുടെ കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ അമിത് ചൗധരി, അനികേത് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മൊറാദാബാദ് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.