കായംകുളത്ത് ദേശീയ പാതയിലെ കുഴിയില്‍ വീണ് എസ്ഐയ്ക്ക് പരിക്ക്. കായംകുളം പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്കൂട്ടര്‍ കുഴിയില്‍ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ നിന്ന് വീണാണ് ഉദയകുമാറിന് പരിക്കേറ്റത്. വീഴ്ചയില്‍ ബോധരഹിതനായ എസ്ഐയെ നാട്ടുകാര്‍ ചേര്‍ന്നാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
കയ്യിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള അപകട മേഖലയാണ് കായംകുളം കൃഷ്ണപുരം പാത. ഇവിടെയാണ് എസ്ഐ അപകടത്തില്‍പ്പെട്ടത്.