ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയ കേന്ദ്രസർക്കാർ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്ന് കോടതി വ്യക്തമാക്കി.
രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ, നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് 5 വർഷം വരെ കാലാവധി നീട്ടാം. ഇതാണ് കോടതി തടഞ്ഞത്.