ബി ജെ പിയില്‍ ചേരാന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ രംഗത്ത്. മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് ആറ് എം എല്‍ എമാരെങ്കിലും ബി ജെ പി ക്യാമ്പില്‍ ചേരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുന്‍ പി സി സി അധ്യക്ഷന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബി ജെ പിക്ക് വേണ്ടി വ്യവസായികളും കല്‍ക്കരി മാഫിയയും കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ വിളിക്കുന്നുണ്ടെന്നും ചോദങ്കര്‍ ആരോപിക്കുന്നു.
എന്നാല്‍, ആരോപണങ്ങള്‍ ബിജെപി തള്ളി. എംഎല്‍എമാര്‍ക്ക് പണം നല്കി പാര്‍ട്ടിയില്‍ ചേര്‍ക്കുന്നുവെന്നത് കോണ്‍ഗ്രസിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനവാഡെ പറഞ്ഞു. കോണ്‍ഗ്രസിലെ ആശയക്കുഴപ്പവുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തില്‍ ആറ് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന കോണ്‍ഗ്രസ് ശക്തമായി നിഷേധിച്ചെങ്കിലും മിക്ക എംഎല്‍എമാരും ഇന്ന് രാവിലെ പാര്‍ട്ടി യോഗവും വൈകിട്ട് വാര്‍ത്താസമ്മേളനവും ഒഴിവാക്കി. നേതാക്കള്‍ ചേരി മാറുമെന്ന അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എ മൈക്കിള്‍ ലോബോ നിഷേധിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ബോധപൂര്‍വം കിംവദന്തികള്‍ പ്രചരിപ്പിച്ചതാണെന്ന് ലോബോ അവകാശപ്പെട്ടു.

