രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ തീരുമാനം പുന:പരിശോധിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മള് എടുത്ത തീരുമാനം മാറ്റുകയോ പുനപരിശോധിക്കുകയോ വേണ്ടിയിരിക്കുന്നു. എന്നാല്‍ പോലും ഈ മഹാമാരി പടരില്ലെന്ന് നമ്മള് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളിലേക്ക്. അതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. എവിടെയാണോ അവിടെ തുടരാനാണ് നമ്മള് ആവര്‍ത്തിച്ചതെന്നും എന്നാല്‍ വീടുകളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക എന്നത് മനുഷ്യസഹജമായ ഒരു സ്വഭാവമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.
കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ടെന്നാണ് ലോകം പറയുന്നതെന്നും ഈ യുദ്ധത്തില്‍ സംസ്ഥാനങ്ങളുടെ പങ്ക് വളരെ വലുതാണെന്നും മോദി അഭിപ്രായപ്പെട്ടു. എല്ലാവരും സ്വന്തം ഉത്തരവാദിത്തങ്ങള്‍ മനസിലാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു.

