ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. രണ്ടു മാസം മുൻപ് ബ്രെയിൻ ട്യൂമർ ബാധിച്ച് ശിവ് കുമാറിന്റെ ഏകമകൻ ജഹാനും മരണപ്പെട്ടിരുന്നു
. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
1989-ൽ വിധു വിനോദ് ചോപ്രയുടെ പരിന്ദയുടെ തിരക്കഥ എഴുതിക്കൊണ്ടാണ് ശിവ് കുമാർ സുബ്രഹ്മണ്യം സിനിമയിലെത്തുന്നത്. 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, അർജുൻ പണ്ഡിറ്റ്, ചമേലി, ഹസരോം ഖ്വൈഷെയ്ൻ ഐസി, ടീൻ പാട്ടി തുടങ്ങിയ ശ്രദ്ധേയമായ സിനിമകളുടെ രചയിതാവും അദ്ദേഹമായിരുന്നു. ഹസാരോൺ ഖ്വൈഷെയ്ൻ ഐസി, പരിന്ദ എന്നീ ചിത്രങ്ങളിലൂടെ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള ഫിലിംഫെയർ അവാർഡുകൾ നേടി.2 സ്റ്റേറ്റ്സ്, ഹിച്കി, നെയിൽ പോളിഷ്, റോക്കി ഹാൻഡ്സം, ഹാപ്പി ജേർണി, റിസ്‌ക്, പ്രഹാർ, ഉംഗ്‌ലി, ബാംഗിസ്ഥാൻ, കാമിനി, സ്റ്റാൻലി കാ ദബ്ബ പോലുള്ള ചിത്രങ്ങളിലൂടെ അഭിനയരംഗത്തും ശിവ് കുമാർ തിളങ്ങി. മീനാക്ഷി സുന്ദരേശ്വർ എന്ന ചിത്രത്തിൽ സന്യ മൽഹോത്രയുടെ പിതാവായാണ് അവസാനമായി അഭിനയിച്ചത്.
നടൻ ശിവ് കുമാർ സുബ്രഹ്മണ്യം അന്തരിച്ചു

