കോഴിക്കോട്: എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്‌കാരിക മേളയുടെ രണ്ടാം ദിനം ആവേശഭരിതമായ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ക്യാമ്പസിലുട നീളം വിവിധ മത്സരങ്ങൾ അരങ്ങേറി. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, മിസ്റ്റർ & മിസ്സ് രാഗം തുടങ്ങി നിരവധി പരിപാടികൾ പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം കൊണ്ട് നിറഞ്ഞു.
ദഫ്മുട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ മത്സരങ്ങൾ രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു. വിവിധ കായിക ഇനങ്ങളായ ഫ്യൂറി (ബാസ്‌ക്കറ്റ്‌ബോൾ), ബീറ്റ് ദ ബോൾട് ( അത്ലറ്റിക്സ്),വെർച്വൽ നൂതന ഗെയിമിംഗ് അനുഭവം തീർത്ത റാഗ്‌നറോക്ക് എന്നിവ പ്രധാന മത്സരയിനങ്ങളായിരുന്നു. മധ്യകേരളത്തിൽ അവതരിപ്പിച്ചു വരുന്ന ഗരുഡൻ പർവ എന്ന നാടൻ കലയ്ക്കും സദസ്സ് സാക്ഷിയായി.

‘പുരുഷപ്രേതം’ എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധായകരായ കൃശാന്ദ്, ജിയോ ബേബി തുടങ്ങിയവരും, യൂട്യൂബർമാരായ അശ്വിൻ റാം, അശ്വിൻ ഭാസ്കർ എന്നിവരും പ്രേക്ഷകരുമായി സംവദിച്ചു. രണ്ടാം ദിവസം പ്രോഷോയുടെ ഭാഗമായി ജുബിൻ നൗട്ടിയാലിന്റെ സംഗീത നിശയും , കിൽ ദി ക്ലൗൺസിന്റെ ഡി.ജെയും അരങ്ങേറി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊറിയോ നൈറ്റൊട് കൂടി രണ്ടാം ദിനം സമാപിച്ചു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ അമിത് ത്രിവേദിയുടെ സംഗീത നിശയും അവിയൽ ബാൻഡുമാണ് മൂന്നാം ദിനത്തിലെ (മാർച്ച് 12) മുഖ്യാകർഷണം.

