പരസ്യമായി പാർട്ടിയെ വിമർശിച്ചതിന് മുന്നറിയിപ്പ് നൽകി കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്നും പാർട്ടി പ്രവർത്തനം നിർത്താൻ പറഞ്ഞാൽ നിർത്തുമെന്നും മുരളീധരൻ പറഞ്ഞു. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
പാർട്ടിയെ പറ്റിയുള്ള പരാതികൾ പൊതു വേദിയിൽ പറഞ്ഞു എന്നാണ് മുരളീധരനും, എം കെ രാഘവനുമെതിരെയുള്ള കെ പി സി സി യുടെ വിമർശനം. എന്നാൽ എവിടെയാണ് പാർട്ടി വേദിയെന്നും മുരളീധരൻ ചോദിച്ചു. രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാർട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും മുരളീധരൻ.
കോൺഗ്രസിനെ പരസ്യമായി വിമർശിച്ചുവെന്ന പേരിൽ എം കെ രാഘവന് താക്കീത് നൽകുകയും കെ മുരളീധരന് പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.