മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വഖഫ് ബോർഡിലെ പി എസ് സി നിയമന വിവാദത്തിലാണ് മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിമർശനവുമായി എത്തിയത്.സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
വഖഫ് ബോർഡിലെ പിഎസ്സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിയുകയും നിയമസഭയിൽ ചർച്ച നടകുകയും ചെയ്തു ആ ഘട്ടത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാർ തന്നെ തീരുമാനിക്കണം. മതസംഘടനകൾക്ക് എല്ലാം മനസിലായി. ലീഗുകാർക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്ലിം മതസംഘടനകളുമായി ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് അദ്ദേഹം പറഞ്ഞു. മതസംഘടനകൾക്ക് പ്രശ്നങ്ങളില്ല. കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോർഡിലെ പിഎസ്സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.