പാലക്കാട്: വാളയാർ പീഡന കേസിൽ സിബിഐയുടെ പുതിയ ടീം തുടരന്വേഷണം നടത്തും. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവെെഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. ക്രൈംബ്രാഞ്ചിന് ശേഷം കേസന്വേഷണം ഏറ്റെടുത്ത സിബിഐ പാലക്കാട് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആത്മഹത്യ ചെയ്തതാണെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലും പരാമർശിച്ചിരുന്നത്. എന്നാൽ മക്കൾ കൊല്ലപെട്ടതാണെന്ന് പെൺകുട്ടികളുടെ അമ്മ കോടതിയിൽ വാദിച്ചു.
മാത്രമല്ല കുറ്റപത്രപ്രകാരം പ്രതികൾ രക്ഷപെടുമെന്ന ആശങ്കയും കുടുംബം കോടതിയെ അറിയിച്ചു. തുടർന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തതയില്ലെന്നും തുടർന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിബിഐയുടെ പുതിയ ടീം തുടരന്വേഷണം നടത്താനെത്തുന്നത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ പുതിയ അന്വേഷണ സംഘം പരിശോധിക്കും.