തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്.ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി. കോര്‍പറേഷനിലെ നിയമനങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. മേയര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടിസ് അയക്കും. ആരോപണം നിലനില്‍ക്കുന്നത് മേയര്‍ക്കെതിരെയാണ് അതുകൊണ്ട് മേയറാണ് ഇക്കാര്യത്തില്‍ മറുപടിയ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മേയര്‍ക്ക് അടക്കം നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അതേസമയം മേയർ രാജിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം തന്റെ സമയം തേടിയിട്ടുണ്ടെന്നും ആനാവൂർ വ്യക്തമാക്കി. താൻ പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ജില്ലാ സെക്രട്ടറി അന്വേഷണ സംഘത്തെ അറിയിച്ചു.
അതേസമയം തുടർച്ചയായി നാലാം ദിവസവും കോർപറേഷൻ ഓഫിസ് പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ സമരത്തിൽ കലാപഭൂമിയായി. തുടർച്ചയായ നാലാം ദിവസവും തിരുവനന്തപുരം കോർപറേഷൻ പരിസരം സംഘർഷഭരിതമാണ്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിച്ച പൊലീസ് ബസ് പ്രതിഷേധക്കാര്‍ തടഞ്ഞു. നഗരസഭയുടെ ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയതിനെ തുടർന്ന് മറ്റൊരു ഗേറ്റ് വഴി വാഹനം പോയി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിനിടെ, പ്രതിഷേധ പ്രകടനവുമായി മഹിളാ കോൺഗ്രസും രംഗത്തെത്തി. കെട്ടിടത്തിനകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.