ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ എക്‌സിറ്റ് പോളുകളുടെ പ്രവചനത്തില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡിഎയും ബിജെപിയും മുന്നേറുകയും ആര്‍ജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതിരിക്കുകയും 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് 20 സീറ്റില്‍ പോലും ലീഡില്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മഹാസഖ്യത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികളാണ്. പ്രത്യേകിച്ച് സിപിഐഎംഎല്‍. 12 സീറ്റിലാണ് സിപിഐഎംഎല്‍ ലീഡ് ചെയ്യുന്നത്. സിപിഐയും സിപിഐഎമ്മും മൂന്ന് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലീഡ് നിലയില്‍ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും തുല്യനിലയിലാണ്. കോണ്‍ഗ്രസ് 18 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇടതുപാര്‍ട്ടികളും അതേ നിലയില്‍.
പ്രതിപക്ഷത്തിന് ഏറ്റവും വലിയ ബാധ്യതയായിരിക്കുന്നത് ഇടതുപാര്‍ട്ടികളല്ലെന്നും അത് കോണ്‍ഗ്രസ് ആണെന്നും എഴുത്തുകാരനും കോളമിസ്റ്റുമായ അജോയ് ബോസ് മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യപാതയിലേയ്ക്ക് വന്ന മുന്‍ നക്‌സല്‍ പാര്‍ട്ടിയാണ് സിപിഐഎംഎല്‍. ഇത്തവണ ആര്‍ജെഡി കോട്ടയില്‍ നിന്നാണ് സിപിഐഎംഎല്ലിന് സീറ്റ് കൊടുത്തിരുന്നത്. മത്സരിച്ച 19ല്‍ 12 സീറ്റിലാണ് സിപിഐഎംഎല്‍ മുന്നിലുള്ളത്. ചില സീറ്റുകളില്‍ നേരിയ വ്യത്യാസത്തിനാണ് സിപിഐഎംഎല്‍ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. സിപിഐഎംഎല്ലിനെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണെന്ന് അജോയ് ബോസ് ചൂണ്ടിക്കാട്ടി. ആര്‍ജെഡിയുമായി നേരത്തെയും സിപിഐഎംഎല്‍ തിരഞ്ഞെടുപ്പില്‍ സഹകരിച്ചിട്ടുണ്ടെങ്കിലും ഒതുക്കിനിര്‍ത്തപ്പെട്ട പാര്‍ട്ടിയായിരുന്നു അവര്‍. പലപ്പോഴും ആര്‍ജെഡി പ്രവര്‍ത്തകര്‍ സിപിഐഎംഎല്ലിന് നേരെ ആക്രമണങ്ങളഴിച്ചുവിട്ടതായി പരാതികളും ആരോപണങ്ങളും ഉയരുകയയും ചെയ്തിരുന്നു.