കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിനോട് ഒപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വെള്ളാര്‍മല സ്‌കൂളിലും അദ്ദേഹമെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, എന്നവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ചീഫ് സെക്രട്ടറി വി വേണു, ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ, എഡിജിപി എംആര്‍. അജിത് കുമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ബെയ്ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി. ദൗത്യസംഘവും ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു.
വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയില്‍ ആകാശനിരീക്ഷണം നടത്തിയശേഷമാണ് അദ്ദേഹം ചൂരല്‍മലയിലെത്തിയത്. കല്പറ്റയിലെ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെ ഹെലിപാഡില്‍ ഇറങ്ങിയ മോദി അവിടെനിന്ന് റോഡ് മാര്‍ഗമാണ് ദുരന്തമുണ്ടായ ചൂരല്‍മലയില്‍ എത്തിയത്.