കണ്ണൂര്‍/കല്‍പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. ഇവിടെനിന്ന് ഉടന്‍ തന്നെ വ്യോമസേനാ ഹെലികോപ്ടറില്‍ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
12.15ഓടെ ഹെലികോപ്ടര്‍ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരല്‍മലയും മോദി ഹെലികോപ്ടറില്‍ ചുറ്റിക്കാണും. തുടര്‍ന്ന് കല്‍പറ്റയിലെ എസ്.കെ.ജെ.എം സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടെനിന്ന് റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രികളും സന്ദര്‍ശിക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. മൂന്ന് മണിക്കൂറോളം മോദി വയനാട്ട് തുടരുമെന്നാണു കരുതപ്പെടുന്നത്.