കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ തമിഴ്നാട് വനവകുപ്പ് പിടികൂടി. കഴിഞ്ഞ മാസം മൂന്നിനാണ് ചിറ്റാർ സിലോൺ കോളനിയിൽ ആദ്യമായി കടുവയുടെ ആക്രമണമുണ്ടായത്. ഇതുവരെ ജനവാസമേഖലയിൽ നിന്ന് 13 ആടുകളേയും ഒരു പശുവിനെയും കടുവ കൊന്ന് തിന്നു. ആക്രമണത്തിൽ നിരവധി കന്നുകാലികൾക്ക് പരിക്കേറ്റു.
കന്നുകാലികളുടെ നിലവിളി കേട്ട് നാട്ടുകാർ കൂടുമ്പോൾ കടുവ രക്ഷപ്പെടുകയായിരുന്നു പതിവ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരും കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കേരള തമിഴ്നാട് അതിർത്തി പ്രദേശമായ പത്തുക്കാണിയിലെത്തിയ കടുവ നാല് ആടുകളെ ആക്രമിച്ച് കൊലപ്പെടുത്തി.തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് കടുവയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
കേരള അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നിന്നാണ് കടുവയെ പിടികൂടിയത് .പത്തുകാണി കല്ലറ വയലിൽ വച്ചാണ് ഡോക്ടർമാരായ മുത്ത് കൃഷ്ണൻ, മനോരൻ എന്നിവർ മൂന്ന് പ്രാവശ്യം കടുവ മയക്ക് വെടിവെച്ച് പിടികൂടിയത്. പിടികൂടിയത് ആൺ കടുവയെ ആണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കടുവയെ പേച്ചിപ്പാറ സീറോ പോയിന്റിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം രാത്രിയോടെ ചെന്നൈ വണ്ടലൂർ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ ചെന്നൈയിൽ എത്തിച്ചേരുമെന്ന് അധികൃതർ പറഞ്ഞു.