വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. സിബിഐ തന്നെ പുനരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. കേസിലെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളുകയും ചെയ്തു. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
കോടതി ഉത്തരവ് വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും പുതിയ അന്വേഷണത്തിന് ഏത് ഏജന്‍സി വന്നാലും തന്റെ മക്കളുടേത് കൊലപാതകം തന്നെയെന്ന് തെളിയിക്കാന്‍ കഴിയണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. നിലവില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കണ്ണുംപൂട്ടി വിശ്വസിക്കാന്‍ പറ്റില്ല. സത്യസന്ധമായി അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സിബിഐയില്‍ ഉണ്ടെന്നും, അവര്‍ കണ്ടത്തട്ടെയെന്നും അമ്മ പറഞ്ഞു. ഇനിയൊരു വാളയാര്‍ ഉണ്ടാകരുതെന്നും അവര്‍ പ്രതികരിച്ചു.
ഡിസംബര്‍ 27 നാണ് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും ആത്മഹത്യ തന്നെയാണെന്നും ആയിരുന്നു സിബിഐ സംഘം കണ്ടെത്തിയത്.
കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പുനരന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടത്. കോടതി ഇക്കാര്യം അംഗീകരിച്ചതിന് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഈ കേസ് അന്വേഷിച്ചാല്‍ മതിയെന്ന ആവശ്യംകൂടി കുട്ടികളുടെ അമ്മ ഉന്നയിച്ചിരുന്നു.