. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി. കോവിഡ് കാലത്തെ മദ്യവിൽപ്പന ശാലയിലെ തിരക്കിൽ ആശങ്ക പ്രകടിപ്പിച്ചായിരുന്നു കോടതിയുടെ ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു.
കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആർടിപിസിആർ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന് എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീൻ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന് പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന് എടുക്കും. വിഷയത്തില്‍ സംസ്ഥാന സർക്കാർ നാളെ മറുപടി നൽകണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

