പ്രളയം പെയ്തിറങ്ങിയ കരിഞ്ചോലമലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി എന്‍എസ്എസ് നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. വീട് നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങള്‍ക്കാണ് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മ്മിക്കുന്നത്. ഞായറാഴ്ച നടന്ന രണ്ടു വീടുകളുടെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ ജില്ലയിലെ 134 യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ പങ്കാളികളായി. 134 എന്‍എസ്എസ് യൂണിറ്റുകളിലെ 13400 എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സ്വരൂപിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
മധ്യവേനലവധി പോലും മാറ്റിവെച്ചാണ് എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ വീടു നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും പങ്കാളിയകളായത്. മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കി ആഗസ്റ്റ് മാസത്തോടെ രണ്ട് വീടുകളുടെയും താക്കോല്‍ കൈമാറുന്ന തരത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. കാരാട്ട് റസാക്ക് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കരിഞ്ചോല പുനരധിവാസ കമ്മിറ്റി കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മാണം നടക്കുന്നത്.
കോണ്‍ക്രീറ്റ് പ്രവര്‍ത്തിയുടെ ഉദ്ഘാടനം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ശ്രീജിത്തും വീടിന്റെ ഗുണഭോക്താവും പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ അനന്യയും ചേര്‍ന്ന് നിര്‍വഹിച്ചു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.സതീഷ് കുമാര്‍, പി.എ.സി മെമ്പര്‍മാരായ കെ.പി അനില്‍കുമാര്‍, ടി.രതീഷ്, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, അബ്ദു റഹിമാന്‍,പ്രിന്‍സിപ്പല്‍ സെബിച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.