നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിനെതിരെ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് എന്നു കേട്ടാല്‍ ചെപ്പടിവിദ്യ കാട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പിണറായി സര്‍ക്കാര്‍ വിലക്കയറ്റം രൂക്ഷമായിട്ടും നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
സാധാരണ സിപിഎം തെരഞ്ഞെടുപ്പു വരുമ്പോള്‍ ചില ചെപ്പടിവിദ്യകള്‍ കാണിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാറുണ്ട്. ഇപ്രാവശ്യം അതും ഇത് വരെ ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ അടിയന്തരമായി വിപണിയില്‍ ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. കനത്ത വിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാര്‍ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടിയിലധികം വിലയാണ് ഓരോ സാധനങ്ങള്‍ക്കും ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ വില മാവേലി സ്റ്റോറുകളില്‍ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍ വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണെന്ന് ചെന്നിത്തല ചൂണ്ടികാട്ടി.
സര്‍ക്കാരിന്റെ കെടു കാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായത്. കേരളത്തിനോട് അടുത്ത് കിടക്കുന്ന ശ്രീലങ്കയില്‍ നടക്കുന്ന കാര്യങ്ങള്‍ നമുക്ക് പാഠമാകണം .അത് കൊണ്ട് സര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്തി ജനങ്ങള്‍ക്ക് ന്യായ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.