ഈ മഹാമാരിയെ ഒന്നിച്ച് ചേർന്ന് തോൽപ്പിക്കാം
ചരിത്രത്തിൽ മനുഷ്യരാശി കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭീകരമായ ഒരു പ്രതിസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. സമസ്ത മേഖലകളെയും, സർവ്വ ജനങ്ങളെയും ലോകം ഒട്ടുക്കും ഈ മഹാമാരി ബാധിക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു. ആരോഗ്യ മേഖലയോടൊപ്പം സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ തൊഴിൽ മേഖലകളെ മുഴുവൻ ഈ മഹാമാരി ബാധിക്കുകയും തളർത്തുകയും ചെയ്തിരിക്കുകയാണ്. ജനങ്ങൾ വീടുകൾക്കകത്ത് തളച്ചിടപ്പെട്ടിരിക്കുന്നു . ഒരു മേഖലകളിലും ക്രിയാത്മകമായി ഒരു പ്രവർത്തിയും നടത്താൻ കഴിയാതെ വന്നിരിക്കുന്നു. ഈ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്തേ പറ്റു. ഇത് ഏതെങ്കിലും സർക്കാരിന്റെയോ, ഉദ്യോഗസ്ഥരുടെയോ, ആരോഗ്യപ്രവർത്തകരുടെയോ മാത്രം ചുമതലയല്ല. ഉത്തരവാദിത്വപ്പെട്ട ഒരു സമൂഹം എന്ന നിലക്ക് നാം സക്രിയരും,സേവന ക്ഷമതയുള്ളവരും ആകേണ്ടതുണ്ട്. സർക്കാരിന്റെ ഏത് പ്രവർത്തനവും വിജയിക്കണമെങ്കിൽ പൊതു ജനങ്ങളുടെ സഹായവും സഹകരണവും ആവശ്യമുണ്ട്. നമുക്ക് ഈ മഹാമാരിക്കെതിരെ പൊരുതാൻ രംഗത്തിറങ്ങാം. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഈ പകർച്ചവ്യാധിയെ തരിമ്പും കൂസാത്തെ തങ്ങളുടെ ആരോഗ്യവും ജീവനും പണയംവെച്ച് രോഗിയെയുംകൊണ്ട് മോട്ടോർ സൈക്കിളിൽ കുതിക്കുന്ന ആ രണ്ടു ചെറുപ്പക്കാർ നിസ്വാർത്ഥ സേവനത്തിന്റെയും നിസ്തുല സാമൂഹ്യ പ്രതിബദ്ധതയുടെയും ജ്വലിക്കുന്ന മാതൃകകളായി നമ്മുടെ മുന്നിലുണ്ട്. PPE കിറ്റുമിട്ട് ശവസംസ്‍കാരം നടത്തി കൊടുക്കുന്ന ചെറുപ്പക്കാർ ഇവരെല്ലാം നന്മയുടെ പ്രകാശം പരത്തുന്ന നക്ഷത്രങ്ങളാണ്.
നമ്മൾ ഓരോരുത്തരും help desk ക്കുകളുടെ നമ്പറുകൾ, ആംബുലൻസിന്റെ നമ്പറുകൾ, കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ വിവരങ്ങൾ, Quarantine സെന്ററുകൾ ഭക്ഷണപൊതികൾ ലഭിക്കുന്ന കേന്ദ്രങ്ങൾ അറിഞ്ഞുവെക്കുകയും അവ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കാൻ സഹായികൾ ആകുകയും വേണം. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ ഭരണക്കൂടങ്ങളുടെയും പ്രവർത്തനത്തിൽ സഹായികളും പങ്കാളികളുമാകണം. വാക്‌സിനേഷൻ ലഭ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണം.
ഒറ്റപ്പെട്ടുപോയ വ്യക്തികൾക്കും , കുടുംബങ്ങൾക്കും ഭക്ഷണവും മരുന്നും ചികിത്സയും ഒരുക്കി കൊടുക്കാൻ നാം സഹായികളായി മാറണം. നമ്മൾ ഒറ്റകെട്ടായി സന്മനസ്സോടെ നല്ല അയൽക്കാരായി മനുഷ്യസ്നേഹികളായി പ്രവത്തിക്കണം. “ഞാനും നിങ്ങളും ” എന്ന ചിന്ത മാറി “നമ്മൾ ” എന്ന ബോധത്തോടെ ഈ മഹാമാരിയെ ചെറുത്ത് തോൽപ്പിക്കണം.